Tuesday, 23 October 2012
ദൈവം ഒരു സാഡിസ്റ്റാകുന്നു
ദൈവം ഒരു സാഡിസ്റ്റാകുന്നു
വിശക്കുന്നവന് റൊട്ടി നല്‍കാത്ത
വിയര്‍ക്കുന്നവന് കുളിരു നല്‍കാത്ത
വിറയ്ക്കുന്നവന് ചൂടു നല്‍കാത്ത
ദൈവം ഒരു സാഡിസ്റ്റാകുന്നു.
അവനു(?)പ്രിയപ്പെട്ടവര്‍ പരീക്ഷണവസ്തുക്കളത്രേ.
കരയിച്ചു കരയിച്ചു സ്വര്‍ഗ്ഗം നല്‍കുമത്രേ.
ആ സ്വര്‍ഗ്ഗത്തെ ഞാന്‍ വെറുക്കുന്നു.
ഇരന്നുകൈനീട്ടുന്നവനെ ആട്ടിപ്പായിച്ച്,
ഇരന്നതുമോഷ്ടിക്കുന്നവര്‍ക്കു കാവല്‍നിന്ന്
ഒടുവില്‍,വിശപ്പും, ശരീരത്തോടൊപ്പം മരണപ്പെടുമ്പോള്‍
വടുകന്‍റെ മൂട്ടിലെ തേങ്ങപോലെ
മധുരക്കനികളുടെ ലോകത്തേയ്ക്ക് ഫ്രീ(?)പാസ്.
അന്ന്-
വിശപ്പുണ്ടാകുമൊ?
വിയര്‍പ്പുണ്ടാകുമോ?
വിറയുണ്ടാകുമോ?
ഉത്തരം തരാന്‍
ആരും തിരിച്ചുവരാത്തതുകൊണ്ട്
സധൈര്യം പറയാം,
വേദനിയ്ക്കൂ,
വേര്‍പ്പൊഴുക്കൂ,
ഓവുചാലില്‍ക്കിടന്ന് പുഴുക്കൂ
അനുപമസുന്ദരസ്വര്‍ഗ്ഗകവാടം
നിനയ്ക്കായ് കാത്തിരിയ്ക്കുന്നു.
Monday, 3 January 2011
മാത്യഭൂമിയോട്
ഒരു മുറിവുപോല്‍ ചോരവാര്‍ന്ന്,
ജീവന്‍റെ കണികാജാലം തിരഞ്ഞ്,
ഒരു നേര്‍ത്തതേങ്ങലിന്നുള്‍-
ക്കാമ്പുമാത്രം സ്വയം നേര്‍ന്ന്....
ഇന്നു നീ ഞാനാണ്,
ഞാന്‍ നീയാണ്,
നമ്മളൊന്നാണ് ജനനീ,
നിന്‍റെമുറിവുപാളത്തിലൂടെന്നും
നിറുത്താതെ കിതകിതച്ചെത്തിടും
ശവവണ്ടികാണ്‍കെ ഞാന്‍
കീറിപ്പറിച്ചെടുത്തു നീര്‍വറ്റിയൊരു
മരഗര്‍ഭപാത്രത്തില്‍ അറിയാതെ
വിരല്‍തൊട്ട്,
മിഴിപൂട്ടി നിറവും നിലാവും പുണരാതെയൊരു
കൂര്‍ത്തലോഹമുനയിലിരുള്‍കാഞ്ഞുപോയൊരെന്‍
കരളിന്‍റെകണമോര്‍ത്തു
കരയാതെ കരയവെ
നിന്നിലെന്നിലും വേര്‍പെട്ടതെന്തെന്ന്
പറയാതെയറിയുന്നു ജനനീ
ഇന്നു നീ ഞാനാണ്, ഞാന്‍ നീയാണ്
നാം നമ്മളാകാതിരിയ്ക്കുന്നതെങ്ങിനെ?
ജീവന്‍റെ കണികാജാലം തിരഞ്ഞ്,
ഒരു നേര്‍ത്തതേങ്ങലിന്നുള്‍-
ക്കാമ്പുമാത്രം സ്വയം നേര്‍ന്ന്....
ഇന്നു നീ ഞാനാണ്,
ഞാന്‍ നീയാണ്,
നമ്മളൊന്നാണ് ജനനീ,
നിന്‍റെമുറിവുപാളത്തിലൂടെന്നും
നിറുത്താതെ കിതകിതച്ചെത്തിടും
ശവവണ്ടികാണ്‍കെ ഞാന്‍
കീറിപ്പറിച്ചെടുത്തു നീര്‍വറ്റിയൊരു
മരഗര്‍ഭപാത്രത്തില്‍ അറിയാതെ
വിരല്‍തൊട്ട്,
മിഴിപൂട്ടി നിറവും നിലാവും പുണരാതെയൊരു
കൂര്‍ത്തലോഹമുനയിലിരുള്‍കാഞ്ഞുപോയൊരെന്‍
കരളിന്‍റെകണമോര്‍ത്തു
കരയാതെ കരയവെ
നിന്നിലെന്നിലും വേര്‍പെട്ടതെന്തെന്ന്
പറയാതെയറിയുന്നു ജനനീ
ഇന്നു നീ ഞാനാണ്, ഞാന്‍ നീയാണ്
നാം നമ്മളാകാതിരിയ്ക്കുന്നതെങ്ങിനെ?
Saturday, 4 December 2010
പലഹാരം
ഈ പലഹാരപ്പൊതി നോക്കി
ഇരവിന്‍റെ മറപറ്റി
എവിടെയോ തിളങ്ങും
കരിമ്പൂച്ചക്കണ്ണുകള്‍
തൊട്ടാലറിയാം,
വളരെ മൃദുവാണ്
ഇനി നമുക്കൊരുമിച്ചു
പ്രാര്‍ത്ഥിച്ചു തിന്നാം.
ഇരവിന്‍റെ മറപറ്റി
എവിടെയോ തിളങ്ങും
കരിമ്പൂച്ചക്കണ്ണുകള്‍
തൊട്ടാലറിയാം,
വളരെ മൃദുവാണ്
ഇനി നമുക്കൊരുമിച്ചു
പ്രാര്‍ത്ഥിച്ചു തിന്നാം.
Friday, 3 December 2010
ഒരു നന്ദിവാക്ക് കൂടി
പ്രിയ സഖി, നന്ദി...
ഒടുവി,ലറിയാതെ നീ യാത്ര പറയുമ്പോഴും,
നിന്‍റെ മിഴിയില്‍ കനത്തൊരാമൗനങ്ങളില്‍
എന്‍റെയുയിരും കുരുക്കിയിട്ടകലുമ്പോഴും,
പാതിപടിവാതില്‍ചാരിയി,ട്ടുണരാത്തൊരെന്നെയും
നോക്കിനിശ്ശബ്ദയായ് തേങ്ങുമ്പോഴും
നിന്‍റെയുള്ളില്‍ പ്രശാന്തമായൊഴുകുന്നൊരാ
പ്രേമസംഗീതസാഗരത്തിരകളില്‍ നീന്തുവാ-
നെന്നെക്ഷണിച്ചൊരനൗചിത്യബോധത്തിനെന്നും....
പ്രിയ സഖീ... നന്ദി...
ഒടുവി,ലറിയാതെ നീ യാത്ര പറയുമ്പോഴും,
നിന്‍റെ മിഴിയില്‍ കനത്തൊരാമൗനങ്ങളില്‍
എന്‍റെയുയിരും കുരുക്കിയിട്ടകലുമ്പോഴും,
പാതിപടിവാതില്‍ചാരിയി,ട്ടുണരാത്തൊരെന്നെയും
നോക്കിനിശ്ശബ്ദയായ് തേങ്ങുമ്പോഴും
നിന്‍റെയുള്ളില്‍ പ്രശാന്തമായൊഴുകുന്നൊരാ
പ്രേമസംഗീതസാഗരത്തിരകളില്‍ നീന്തുവാ-
നെന്നെക്ഷണിച്ചൊരനൗചിത്യബോധത്തിനെന്നും....
പ്രിയ സഖീ... നന്ദി...
Friday, 5 November 2010
ഈ മഴക്കാലം എന്നെ ഓര്‍മിപ്പിയ്ക്കുന്നത്
(മഴയെക്കുറിച്ചുള്ള കുറിപ്പ് )
മഴ ഒരു യാത്രയാണ്. വര്‍ത്തമാന സമയസൂചിയില്‍ നിന്ന് മുന്നോട്ടും പിന്നോട്ടുമുള്ള അനിയന്ത്രിതവും അതിനിഗൂഡവുമായ ഒരു യാത്ര. ഓര്‍മ്മകളുടെ നൈരന്തര്യം കവര്‍ന്നെടുക്കുന്ന നിമിഷബിന്ദുക്കളില്‍ മനസ്സ് എങ്ങോട്ടെന്നില്ലാതെ യാത്ര തുടരുകയാണ്. ഈ പെയ്ത്ത് ഒരു ധാരയായി, പുഴയായി, കടലായി, ഒടുവിലൊരു പ്രളയമായി എന്നെ മുക്കിത്താഴ്ത്തിയെങ്കില്‍.....
കടലാസുതോണികളില്‍ ഉറുമ്പിണകളെ ഉല്ലാസത്തിനയച്ച ഒരു ബാല്യകാലത്തിലും വേപഥുക്കള്‍ മാത്രമായിരുന്നു കൂട്ട്. സ്നേഹശൂന്യതകളുടെ ആഴത്തിലേക്ക് വായനയും സംഗീതവും എഴുത്തും ഒരു മഴനനവായി കടന്നുവന്നത് എപ്പോഴായിരുന്നു? സത്യത്തില്‍ ഒളിച്ചോട്ടത്തിന്‍റെയാ ആദ്യഭാഗം കടന്ന് ഈ മഴനനവുകളില്‍ ഗൗരവഭാവം പെയ്തുതന്നത് കലാലയവര്‍ഷങ്ങളുടെ നീണ്ട ഹോസ്റ്റല്‍സന്ധ്യകളായിരുന്നു. വര്‍ഷം കൗമാരത്തില്‍ ചെരിഞ്ഞും ചിതറിയും നിറഞ്ഞും ചൊരിഞ്ഞുതന്ന വാക്കുകളുടെ വിസ്മയദൃശ്യങ്ങള്‍.
കണ്ണീര്‍ച്ചാറ്റലുകളായും ഉറക്കം മുറിച്ച ഇടിമുഴക്കങ്ങളായും ഏതോ നിയോഗം പോലെ വാക്കുകള്‍ക്കു വേണ്ടിയുള്ള കൊടുംവേനല്‍ത്തപസ്സിനൊടുക്കം എന്‍റെ ചെറുകടലാസുതാളുകളിലേയ്ക്ക് സുഗതകുമാരിട്ടീച്ചര്‍ എഴുതിയ പോലെ പവിഴമല്ലിപ്പൂവിന്‍റെ സുഗന്ധവും നനവുമുള്ള ഒരുപിടി മധുരം ചിതറിയിട്ട സഹൃദമായും പ്രണയമായും വിരഹമൂര്‍ച്ചയായും കടന്നുവന്ന എന്‍റെ മഴക്കാലങ്ങള്‍.
പിന്നെ മന്ദാരത്തിന്‍റെ ഇലകള്‍ ചേര്‍ത്തുതുന്നിയ പുനര്‍ജ്ജനിയുടെ കൂടുവിട്ട് രവി നടന്നുപോയ മഴയും റോസ്മേരിട്ടീച്ചര്‍ വരച്ചിട്ട സ്ത്രൈണതയുടെ ഭിന്നഭാവങ്ങളോടു കൂടിയ മഴയും ഭ്രാന്തമായ ഏതോ വനാന്തരങ്ങളിലേയ്ക്ക് പിറുപിറുത്തുകൊണ്ട് മനസ്സിന്‍റെ മുടിയഴിച്ച് വലിച്ചിഴച്ചുകൂട്ടിക്കൊണ്ടുപോയ സുഗതകുമാരിട്ടീച്ചറുടെ രാത്രിമഴയും....
''തുലാക്കോളിലൂഴി വാനങ്ങളെ
തുണ്ടുതുണ്ടാക്കുമിടിമഴ ചിതറവേ
മാറില്‍ മയങ്ങുമെന്‍ കാന്തയെച്ചുണ്ടിനാല്‍, നേരിയ
വേര്‍പ്പണിക്കയ്യാല്‍ തഴുകവെ
എന്തിന് മിന്നല്‍ പോലങ്ങുനിന്നിന്നലെ
വന്നു നീയുള്ളില്‍ തെളിഞ്ഞു ഞൊടിയിട...?"
എന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വരികളില്‍ നിന്നും സുധീര്‍.എസിന്‍റെ
"മഴ നനഞ്ഞു നാം തിരികെയെത്തണം
മഴമൊഴിയുടഞ്ഞിടറി വീഴുന്ന
പ്രണയമായ് നാം പുനര്‍ജ്ജനിയ്ക്കണം
മഴക്കുളമ്പുകള്‍ കൊരുക്കും താളത്തില്‍
കുതിര്‍ന്ന് നഗ്നരായ് മഴ കുടിയ്ക്കണം
മഴയൊടുങ്ങുമ്പോള്‍ മരച്ചാറ്റില്‍ നമ്മള്‍
പനിച്ചു നില്‍ക്കുമ്പോള്‍
മഴമിഴികളില്‍ പതറി നില്‍ക്കുന്ന
വിരഹമായ് നാം എരിഞ്ഞു തീരണം..?"
എന്ന തീഷ്ണതയിലേക്ക് ഒലിച്ചിറങ്ങുമ്പോള്‍ ഉള്ളില്‍ തിണര്‍ത്തു പൊന്തിയ മഴപ്പാടുകളുടെ മുഖം എങ്ങനെ വരച്ചുകാട്ടാനാണ്?
മഴനേത്രങ്ങള്‍ക്ക് അഭ്രപാളിയിലെ സാദ്ധ്യത എത്രയെന്ന് തിരിച്ചറിഞ്ഞുതുടങ്ങിയപ്പോള്‍ മനസ്സില്‍ വീണ്ടും വിസ്മയമായിരുന്നു. പത്മരാജന്‍റെ മഴകളില്‍നിന്ന് വൈശാലിയുടെ കണ്ണുനീര്‍ കൊണ്ട് എം.ടി. പെയ്യിച്ച മഴയുടെ ആഴങ്ങളില്‍ തപ്പിത്തടഞ്ഞ് 'നഷ്ടപ്പെട്ട നീലാംബരി'യെ മഴയായ്ത്തന്നെ പെയ്തുനീറ്റിയ ലെനിന്‍ രാജേന്ദ്രനിലേയ്ക്കും ഏറ്റവുമൊടുവിലായി ഹൃദയത്തില്‍ നനുനനെ വരഞ്ഞ് നോവിന്‍റെ പെരുമഴക്കാലം തന്നെ സമ്മാനിച്ച കമലിന്‍റെ റസിയയുടെയും ഗംഗയുടെയും ദീര്‍ഘനിശ്വാസങ്ങളിലേയ്ക്കും യാത്ര തുടരുമ്പോള്‍ 'മഴ എന്‍റെ ആരാണ്' എന്നു വിങ്ങിപ്പിടഞ്ഞുണരുന്ന ഒരു സാന്ദ്രത ഉള്ളിലൂറിക്കൂടുന്നുണ്ടോ? പിന്നെ മഴയെന്നാല്‍ വേദനച്ചിത്രമെന്നു കൂടിയാണ് എന്നോര്‍മ്മിപ്പിച്ചു കൊണ്ട് കടന്നുപോയ വിക്ടര്‍, നിന്നെ എങ്ങനെ മറക്കാനാണ്? നിന്നെക്കുറിച്ചോര്‍ക്കുമ്പോള്‍ പവിത്രേച്ചി എന്നു ഞാന്‍ വിളിയ്ക്കുന്ന എം.പി.പവിത്ര നിനക്കായ് കുറിച്ചിട്ട വരികളും ഓര്‍ക്കാതിരിയ്ക്കുന്നതെങ്ങനെ?
നനുത്ത മുറുക്കത്തോടെ ചേര്‍ത്തുപിടിയ്ക്കുവാന്‍ പ്രിയപ്പെട്ടവനേ, നിന്‍റെ ഇടംകൈ ജീവിതത്തിലേയ്ക്ക് കടന്നുവന്നപ്പോഴും ആത്മാവിന്‍റെ അടുക്കളത്തളങ്ങളില്‍ പുകഞ്ഞുരുണ്ട് മേല്പോട്ട് പൊന്തിക്കൊണ്ടേയിരിയ്ക്കുന്നത് എതു ഭീതിയുടെ കാര്‍മേഘങ്ങളാണ്? ഒരിയ്ക്കലും പെയ്തു തീരാതെ കാതില്‍ പെരുപ്പിച്ച ഇടിമുഴക്കങ്ങളായി അവ വീണ്ടും വീണ്ടും എന്‍റെ ഉറക്കം കെടുത്തുന്നതെന്താണ്? അറിയില്ല, മഴ ഇപ്പോള്‍ പെയ്യുന്ന രാഗം ഏതെന്ന്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുരുളുന്ന രാത്രികളിലേയ്ക്ക് മഴയുടെ സ്വരം ഒരു ഗന്ധര്‍വ്വനിസ്വനം പോലെ പോലെയാണ്. ഉള്ളില്‍ മയങ്ങിക്കിടക്കുന്ന, അല്ലെങ്കില്‍ മയക്കം നടിച്ചുകിടക്കുന്ന ആര്‍ദ്ര വികാരങ്ങളെ മൃദുവായി ചുംബിച്ചു ചുംബിച്ചുണര്‍ത്തി ക്കൊണ്ട് എന്‍റെ ജാലകപ്പാളികള്‍ക്കപ്പുറത്ത് ബദാംമരച്ചില്ലകളില്‍ എന്‍റേതുമാത്രമായി പെയ്തിറങ്ങുന്ന ആ പ്രണയ നിസ്വനങ്ങളില്‍ ഞാനെന്നെത്തന്നെ തളച്ചിട്ടു പോവുന്നതെന്താണ്?
ഗര്‍ഭപാത്രത്തിലെവിടെയോ ഇപ്പോള്‍ ഊറിക്കൂടിക്കൊണ്ടിരിയ്ക്കുന്ന കുരുന്നുജീവനെക്കുറിച്ചും മഴനിറമുള്ള സ്വപ്നങ്ങള്‍ പിറവിയെടുക്കുകയാണ്. പക്ഷേ കുടമറവിയും നനച്ചുരസിയ്ക്കുന്ന,കാല്‍മുട്ടിനൊപ്പം വെള്ളം നിറച്ച് പാടവും റോഡും തിരിച്ചറിയിയ്ക്കാതെ കളിയാക്കിച്ചിരിയ്ക്കുന്ന കുളങ്ങളും കിണറുകളും കരയ്ക്കൊപ്പം നിറച്ച് നിഗൂഡനീലയാക്കുന്ന വികൃതിമഴയുടെ തൂവല്‍പ്രായങ്ങളുടെ നൊട്ടിനുണഞ്ഞാസ്വദിയ്ക്കാനുള്ള ഭാഗ്യം നിനക്കുണ്ടാവുമോ എന്‍റെ കുഞ്ഞേ? മഴയെ, മഴയിലൂടെ മനോഹരമായ സര്‍വ്വതിനേയും പ്രണയിക്കുവാനുള്ള ആര്‍ദ്രത നിന്‍റെ കാലം നിന്നില്‍ നിന്നു മറച്ചുവെയ്ക്കുമോ? അറിയുകയില്ല, എന്നാലും നിന്‍റെ മുടിയിഴകളില്‍ നിന്ന് ഇറ്റിവീഴുന്ന മഴത്തുള്ളിക്കിനാവുകളിലേയ്ക്ക് ഞാനെന്നെ പെയ്യിച്ചുതുടങ്ങുകയാണ്.
Thursday, 14 October 2010
സുനാമി
വഴിയെ പോകുന്നവന്‍റെ
വാക്കെരുവിലേയ്ക്ക്
വീണ്ടുമൊരു കല്ലേറിന്‍റെ
കിതപ്പുസമ്മാനിച്ചുകൊണ്ട്
എന്‍റെ ഭൂപടത്തെ
നിന്‍റെ തിരവിഴുങ്ങുക തന്നെയാണ്.
ചവച്ചു തുപ്പുന്നവര്‍ക്കും
സ്വന്തം പല്ലിടകുത്തുന്നവര്‍ക്കും
ജനപ്പരുന്തിനെ വെടിവച്ച്
അത്താഴമൊരുക്കുന്നവര്‍ക്കും മേലേ നിന്ന്
നിര്‍ത്താതെ, നിര്‍ത്താതെ
നീ ചിരിയ്ക്കുക തന്നെയാണ്.
നിന്‍റെ പടയൊരുക്കം
ഞങ്ങളെ പുകയ്ക്കുമ്പോഴും
ഇരുള്‍മറയ്ക്കുള്ളില്‍ നീ
അവസാന വിഷം കാച്ചുകയാണെന്ന്
അറിയാതെ അറിയുമ്പോഴും
വീണ്ടുവിചാരമില്ലാതെ
ഇന്നുകളിലേയ്ക്ക് തന്നെ
ചൂണ്ടലിട്ടു രസിയ്ക്കുകയാണ് ഞങ്ങള്‍.
ഒരു വിരല്‍പ്പെരുമാറ്റം കൊണ്ട്
ഞങ്ങളെയുമെടുക്കുക.
പിറകെ വരുന്നവരെങ്കിലും
കണ്ടു പഠിക്കുമാറാകട്ടെ...
വാക്കെരുവിലേയ്ക്ക്
വീണ്ടുമൊരു കല്ലേറിന്‍റെ
കിതപ്പുസമ്മാനിച്ചുകൊണ്ട്
എന്‍റെ ഭൂപടത്തെ
നിന്‍റെ തിരവിഴുങ്ങുക തന്നെയാണ്.
ചവച്ചു തുപ്പുന്നവര്‍ക്കും
സ്വന്തം പല്ലിടകുത്തുന്നവര്‍ക്കും
ജനപ്പരുന്തിനെ വെടിവച്ച്
അത്താഴമൊരുക്കുന്നവര്‍ക്കും മേലേ നിന്ന്
നിര്‍ത്താതെ, നിര്‍ത്താതെ
നീ ചിരിയ്ക്കുക തന്നെയാണ്.
നിന്‍റെ പടയൊരുക്കം
ഞങ്ങളെ പുകയ്ക്കുമ്പോഴും
ഇരുള്‍മറയ്ക്കുള്ളില്‍ നീ
അവസാന വിഷം കാച്ചുകയാണെന്ന്
അറിയാതെ അറിയുമ്പോഴും
വീണ്ടുവിചാരമില്ലാതെ
ഇന്നുകളിലേയ്ക്ക് തന്നെ
ചൂണ്ടലിട്ടു രസിയ്ക്കുകയാണ് ഞങ്ങള്‍.
ഒരു വിരല്‍പ്പെരുമാറ്റം കൊണ്ട്
ഞങ്ങളെയുമെടുക്കുക.
പിറകെ വരുന്നവരെങ്കിലും
കണ്ടു പഠിക്കുമാറാകട്ടെ...
Wednesday, 13 October 2010
എന്‍റെ ആത്മാവിന്‍റെ കുരിശിടങ്ങള്‍
കാതില്‍ ഒരു വിളിയുടെ ഓരം ചേര്‍ന്ന്
പെരുമഴ കനക്കുകയാണ്.
വിയര്‍ത്തിടിഞ്ഞുപോകുന്ന
വാഗ്ദാനങ്ങള്‍ക്കു പുറം തിരിഞ്ഞ്
എന്‍റെ ശവക്കുഴിക്കണ്ണുകള്‍
ഇപ്പോള്‍ പതിയെ
പരസ്പരം പിണയുവാന്‍
പഠിച്ചുകൊണ്ടിരിയ്ക്കുന്നു.
വേര്‍പിരിയലില്‍ നിന്ന്
അടുത്തവേര്‍പിരിയലിലേയ്ക്ക്
വലിച്ചുമുറുക്കി
നിര്‍ത്തിയ വീണക്കമ്പികളില്‍
പരുന്തിന്‍ ചിറകുകളുടെ
കനത്ത ഈണം.
ഇരുണ്ടിഴയുന്ന ജനല്‍പ്പാതിക്കാഴ്ച്ചകളില്‍
മനസ്സു മുഴുവന്‍ ജ്വരം പിടിച്ചുറയുമ്പോഴും
നിന്‍റെ ആകാശങ്ങളിലേയ്ക്ക്
ഒരു വിറ പടര്‍ന്നലയുവാന്‍
കുന്തിരിക്കപ്പുകയ്ക്കൊപ്പം
ഞാനെന്നെ വീര്‍പ്പിയ്ക്കുകയാണ്.
ഒരു തുമ്മലിന്‍റെ ഉച്ഛ്വാസമെങ്കിലും
നിനക്കു തരണമെന്നാണ് എന്‍റെ മോഹം.
കുടഞ്ഞെറിയുവാന്‍ പോന്ന മറ്റെന്താണ്
നിന്‍റെ നാഡികളില്‍ അയവുണ്ടാക്കുക.
പെരുമഴ കനക്കുകയാണ്.
വിയര്‍ത്തിടിഞ്ഞുപോകുന്ന
വാഗ്ദാനങ്ങള്‍ക്കു പുറം തിരിഞ്ഞ്
എന്‍റെ ശവക്കുഴിക്കണ്ണുകള്‍
ഇപ്പോള്‍ പതിയെ
പരസ്പരം പിണയുവാന്‍
പഠിച്ചുകൊണ്ടിരിയ്ക്കുന്നു.
വേര്‍പിരിയലില്‍ നിന്ന്
അടുത്തവേര്‍പിരിയലിലേയ്ക്ക്
വലിച്ചുമുറുക്കി
നിര്‍ത്തിയ വീണക്കമ്പികളില്‍
പരുന്തിന്‍ ചിറകുകളുടെ
കനത്ത ഈണം.
ഇരുണ്ടിഴയുന്ന ജനല്‍പ്പാതിക്കാഴ്ച്ചകളില്‍
മനസ്സു മുഴുവന്‍ ജ്വരം പിടിച്ചുറയുമ്പോഴും
നിന്‍റെ ആകാശങ്ങളിലേയ്ക്ക്
ഒരു വിറ പടര്‍ന്നലയുവാന്‍
കുന്തിരിക്കപ്പുകയ്ക്കൊപ്പം
ഞാനെന്നെ വീര്‍പ്പിയ്ക്കുകയാണ്.
ഒരു തുമ്മലിന്‍റെ ഉച്ഛ്വാസമെങ്കിലും
നിനക്കു തരണമെന്നാണ് എന്‍റെ മോഹം.
കുടഞ്ഞെറിയുവാന്‍ പോന്ന മറ്റെന്താണ്
നിന്‍റെ നാഡികളില്‍ അയവുണ്ടാക്കുക.
Subscribe to:
Posts (Atom)