Friday, 27 March 2009

പീലിക്കണ്‍ജാലകം

പൊടിപിടിച്ച് ദ്രവിച്ചു തുടങ്ങിയ ഡയറികള്‍ക്കിടയില്‍ കവിതകളും കുറിപ്പുകളും മയില്‍പ്പീലികളും അവള്‍ സൂക്ഷിച്ചുവെച്ചു. ബാല്യവും കൗമാരവും യൗവ്വനവും അവയില്‍ അക്ഷരരൂപം പൂണ്ടു. ദുഖവും വിഷാദവും സന്തോഷവും മയില്‍പീലികള്‍ക്കൊപ്പം മാനം കാണാതെ ആ വരികളില്‍ അവള്‍ ഒളിച്ചുവെച്ചു. ഒടുവില്‍ ഒരു ആര്‍ത്തനാദമായി അവള്‍ ജ്വലിച്ചമര്‍ന്നപ്പോള്‍ അവയെത്തേടി അവകാശികളെത്തി. ആ താളുകള്‍ മറിച്ചു തുടങ്ങുമ്പോള്‍ പുസ്തകങ്ങള്‍ക്കുള്ളിലെ മയില്‍പീലികള്‍ പൊടിഞ്ഞു തുടങ്ങിയിരുന്നു. കവിതകളും കുറിപ്പുകളും അസ്വസ്ഥമായി അവിടം വിട്ടിറങ്ങി. അവയെ തേടിയെടുത്ത് വെളിച്ചം കാണിക്കുവാന്‍ സഹൃദയങ്ങളുണ്ടായിരുന്നു. അവ ശേഖരിച്ചുവെയ്ക്കുവാന്‍ അനുവാചക ഹൃദയങ്ങളില്‍ ഇടമുണ്ടായിരുന്നു. അവര്‍ അത് തേടിക്കൊണ്ടിരിക്കുന്നു. അവര്‍ അത് കാത്തിരിക്കുന്നു. വിശ്വമഹാകവി ടാഗോറിന്‍റെ അനശ്വരവരികളിലുണ്ട് "ഒരു ചിത്രശലഭത്തിന് എണ്ണാന്‍ മാസങ്ങളില്ല, നിമിഷങ്ങളേയുള്ളു. എന്നിട്ടും അതിന് വേണ്ടത്ര സമയമുണ്ട്" ശരിയായിരുന്നു. അവള്‍ക്ക് ജീവിക്കാന്‍ ദിവസങ്ങളേയുണ്ടായിരുന്നുള്ളു. നിമിഷങ്ങളേയുണ്ടായിരുന്നുള്ളു. എന്നിട്ടും അവള്‍ക്ക് വേണ്ടതിലേറെ സമയമുണ്ടായി. ആ സമയമെടുത്തവള്‍ മകളായി, സഹോദരിയായി, ഭാര്യയായി, അമ്മയായി, സുഹൃത്തായി. കവിയായി, കഥാകൃത്തായി, ഗായികയായി. നൂറ് നൂറ് കവിതകളെഴുതി, കുറിപ്പുകളെഴുതി, "അഴിയും ഇഴയുമെണ്ണി, കടലും കരയുമെണ്ണി മരവിച്ചു പോയപ്പോള്‍ അവസാനിക്കാത്ത അസ്വസ്ഥതകള്‍ ബാക്കിവെച്ചു കൊണ്ട്, കരഞ്ഞു കൊണ്ട്, കരയിപ്പിച്ചു കൊണ്ട് കടന്നുപോയി".
നൂറ്റി അമ്പതിലധികം കവിതകള്‍, നൂറുകണക്കിന് കുറിപ്പുകള്‍, ഒട്ടേറെ ഗാനങ്ങള്‍, ഒന്നും എവിടെയും അവസാനിക്കുന്നില്ല. ആ കഥകളും കവിതകളും ഗാനങ്ങളും കുറിപ്പുകളും നമുക്ക് വെളിച്ചം കാണിക്കാം. ഗാനങ്ങളും കവിതകളും കുറിപ്പുകളും എല്ലാം ഒന്നിനു പുറകെ ഒന്നായി ഇവിടെ ഞങ്ങള്‍ പ്രസ്ദ്ധീകരിക്കും. ആ ഗാനങ്ങളിലൂടെ, ആ കവിതകളിലൂടെ, ആ കുറിപ്പുകളിലൂടെ ഷൈന മലയാളമനസ്സില്‍ ജീവിക്കട്ടെ. ആദ്യമായി അവളുടെ രചനയില്‍ പുറത്തുവന്ന രണ്ട് ഗാനങ്ങള്‍ ഇന്നിവിടെ പുറത്തിറക്കുന്നു. കൊന്നപ്പൂവും കണിവെള്ളരിയും എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷൈന തന്നെയാണ്.

"കൊന്നപ്പൂവും കണിവെള്ളരിയും". രചന. ആലാപനം. ഷൈന സക്കീര്‍

"ഒരുപിടി മോഹപ്പൂ". രചന. ഷൈന സക്കീര്‍ ആലാപനം. സുജാത



നന്ദി... വീണ്ടും സന്ദര്‍ശിക്കുക...അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.
mezhukutheevandi@gmail.com

Friday, 6 March 2009

മെഴുകുതീവണ്ടി





വിവാദങ്ങള്‍ക്കും വികാരങ്ങള്‍ക്കുമപ്പുറം അവരുടെ വാക്കുകള്‍ തന്നെയാണ് അവരുടെ ജീവിതവും. പത്തു മാസങ്ങള്‍ക്ക് മുന്‍പുള്ള ഒരു രാത്രിയില്‍ ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഒരു ജ്വാലയായി ഉണര്‍ന്നണഞ്ഞുപോയ ഷൈനയെന്ന ആ പെണ്‍കുട്ടിയുടെ രചനകളിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ ബ്ലോഗ്. ജീവിച്ചിരിക്കുമ്പോള്‍ ശ്രദ്ധ നേടാനാവാതെ പോയ അവരുടെ രചനകളിലേക്കുള്ള ഈ ജാലകവാതില്‍ ഞങ്ങള്‍ തുറന്നു തരുന്നു. കാത്തിരിക്കുക. ഇനിയും വായിച്ചു തീരാത്ത കവിതകളും കുറിപ്പുകളുമെല്ലാം വഴിയെ വെളിച്ചം കാണുമെന്ന് പ്രതീക്ഷിക്കുക. നന്ദി... വീണ്ടും സന്ദര്‍ശിക്കുക... അഭിപ്രായങ്ങള്‍ അറിയിക്കുക....
mezhukutheevandi@gmail.com