Monday, 3 January 2011

മാത്യഭൂമിയോട്

ഒരു മുറിവുപോല്‍ ചോരവാര്‍ന്ന്,
ജീവന്‍റെ കണികാജാലം തിരഞ്ഞ്,
ഒരു നേര്‍ത്തതേങ്ങലിന്നുള്‍-
ക്കാമ്പുമാത്രം സ്വയം നേര്‍ന്ന്....
ഇന്നു നീ ഞാനാണ്,
ഞാന്‍ നീയാണ്,
നമ്മളൊന്നാണ് ജനനീ,
നിന്‍റെമുറിവുപാളത്തിലൂടെന്നും
നിറുത്താതെ കിതകിതച്ചെത്തിടും
ശവവണ്ടികാണ്‍കെ ഞാന്‍
കീറിപ്പറിച്ചെടുത്തു നീര്‍വറ്റിയൊരു
മരഗര്‍ഭപാത്രത്തില്‍ അറിയാതെ
വിരല്‍തൊട്ട്,
മിഴിപൂട്ടി നിറവും നിലാവും പുണരാതെയൊരു
കൂര്‍ത്തലോഹമുനയിലിരുള്‍കാഞ്ഞുപോയൊരെന്‍
കരളിന്‍റെകണമോര്‍ത്തു
കരയാതെ കരയവെ
നിന്നിലെന്നിലും വേര്‍പെട്ടതെന്തെന്ന്
പറയാതെയറിയുന്നു ജനനീ
ഇന്നു നീ ഞാനാണ്, ഞാന്‍ നീയാണ്
നാം നമ്മളാകാതിരിയ്ക്കുന്നതെങ്ങിനെ?