Thursday 14 October, 2010

സുനാമി

വഴിയെ പോകുന്നവന്‍റെ
വാക്കെരുവിലേയ്ക്ക്
വീണ്ടുമൊരു കല്ലേറിന്‍റെ
കിതപ്പുസമ്മാനിച്ചുകൊണ്ട്
എന്‍റെ ഭൂപടത്തെ
നിന്‍റെ തിരവിഴുങ്ങുക തന്നെയാണ്.
ചവച്ചു തുപ്പുന്നവര്‍ക്കും
സ്വന്തം പല്ലിടകുത്തുന്നവര്‍ക്കും
ജനപ്പരുന്തിനെ വെടിവച്ച്
അത്താഴമൊരുക്കുന്നവര്‍ക്കും മേലേ നിന്ന്
നിര്‍ത്താതെ, നിര്‍ത്താതെ
നീ ചിരിയ്ക്കുക തന്നെയാണ്.
നിന്‍റെ പടയൊരുക്കം
ഞങ്ങളെ പുകയ്ക്കുമ്പോഴും
ഇരുള്‍മറയ്ക്കുള്ളില്‍ നീ
അവസാന വിഷം കാച്ചുകയാണെന്ന്
അറിയാതെ അറിയുമ്പോഴും
വീണ്ടുവിചാരമില്ലാതെ
ഇന്നുകളിലേയ്ക്ക് തന്നെ
ചൂണ്ടലിട്ടു രസിയ്ക്കുകയാണ് ഞങ്ങള്‍.
ഒരു വിരല്‍പ്പെരുമാറ്റം കൊണ്ട്
ഞങ്ങളെയുമെടുക്കുക.
പിറകെ വരുന്നവരെങ്കിലും
കണ്ടു പഠിക്കുമാറാകട്ടെ...

Wednesday 13 October, 2010

എന്‍റെ ആത്മാവിന്‍റെ കുരിശിടങ്ങള്‍

കാതില്‍ ഒരു വിളിയുടെ ഓരം ചേര്‍ന്ന്
പെരുമഴ കനക്കുകയാണ്.
വിയര്‍ത്തിടിഞ്ഞുപോകുന്ന
വാഗ്ദാനങ്ങള്‍ക്കു പുറം തിരിഞ്ഞ്
എന്‍റെ ശവക്കുഴിക്കണ്ണുകള്‍
ഇപ്പോള്‍ പതിയെ
പരസ്പരം പിണയുവാന്‍
പഠിച്ചുകൊണ്ടിരിയ്ക്കുന്നു.
വേര്‍പിരിയലില്‍ നിന്ന്
അടുത്തവേര്‍പിരിയലിലേയ്ക്ക്
വലിച്ചുമുറുക്കി
നിര്‍ത്തിയ വീണക്കമ്പികളില്‍
പരുന്തിന്‍ ചിറകുകളുടെ
കനത്ത ഈണം.
ഇരുണ്ടിഴയുന്ന ജനല്‍പ്പാതിക്കാഴ്ച്ചകളില്‍
മനസ്സു മുഴുവന്‍ ജ്വരം പിടിച്ചുറയുമ്പോഴും
നിന്‍റെ ആകാശങ്ങളിലേയ്ക്ക്
ഒരു വിറ പടര്‍ന്നലയുവാന്‍
കുന്തിരിക്കപ്പുകയ്ക്കൊപ്പം
ഞാനെന്നെ വീര്‍പ്പിയ്ക്കുകയാണ്.
ഒരു തുമ്മലിന്‍റെ ഉച്ഛ്വാസമെങ്കിലും
നിനക്കു തരണമെന്നാണ് എന്‍റെ മോഹം.
കുടഞ്ഞെറിയുവാന്‍ പോന്ന മറ്റെന്താണ്
നിന്‍റെ നാഡികളില്‍ അയവുണ്ടാക്കുക.