Friday, 5 November 2010
ഈ മഴക്കാലം എന്നെ ഓര്‍മിപ്പിയ്ക്കുന്നത്
(മഴയെക്കുറിച്ചുള്ള കുറിപ്പ് )
മഴ ഒരു യാത്രയാണ്. വര്‍ത്തമാന സമയസൂചിയില്‍ നിന്ന് മുന്നോട്ടും പിന്നോട്ടുമുള്ള അനിയന്ത്രിതവും അതിനിഗൂഡവുമായ ഒരു യാത്ര. ഓര്‍മ്മകളുടെ നൈരന്തര്യം കവര്‍ന്നെടുക്കുന്ന നിമിഷബിന്ദുക്കളില്‍ മനസ്സ് എങ്ങോട്ടെന്നില്ലാതെ യാത്ര തുടരുകയാണ്. ഈ പെയ്ത്ത് ഒരു ധാരയായി, പുഴയായി, കടലായി, ഒടുവിലൊരു പ്രളയമായി എന്നെ മുക്കിത്താഴ്ത്തിയെങ്കില്‍.....
കടലാസുതോണികളില്‍ ഉറുമ്പിണകളെ ഉല്ലാസത്തിനയച്ച ഒരു ബാല്യകാലത്തിലും വേപഥുക്കള്‍ മാത്രമായിരുന്നു കൂട്ട്. സ്നേഹശൂന്യതകളുടെ ആഴത്തിലേക്ക് വായനയും സംഗീതവും എഴുത്തും ഒരു മഴനനവായി കടന്നുവന്നത് എപ്പോഴായിരുന്നു? സത്യത്തില്‍ ഒളിച്ചോട്ടത്തിന്‍റെയാ ആദ്യഭാഗം കടന്ന് ഈ മഴനനവുകളില്‍ ഗൗരവഭാവം പെയ്തുതന്നത് കലാലയവര്‍ഷങ്ങളുടെ നീണ്ട ഹോസ്റ്റല്‍സന്ധ്യകളായിരുന്നു. വര്‍ഷം കൗമാരത്തില്‍ ചെരിഞ്ഞും ചിതറിയും നിറഞ്ഞും ചൊരിഞ്ഞുതന്ന വാക്കുകളുടെ വിസ്മയദൃശ്യങ്ങള്‍.
കണ്ണീര്‍ച്ചാറ്റലുകളായും ഉറക്കം മുറിച്ച ഇടിമുഴക്കങ്ങളായും ഏതോ നിയോഗം പോലെ വാക്കുകള്‍ക്കു വേണ്ടിയുള്ള കൊടുംവേനല്‍ത്തപസ്സിനൊടുക്കം എന്‍റെ ചെറുകടലാസുതാളുകളിലേയ്ക്ക് സുഗതകുമാരിട്ടീച്ചര്‍ എഴുതിയ പോലെ പവിഴമല്ലിപ്പൂവിന്‍റെ സുഗന്ധവും നനവുമുള്ള ഒരുപിടി മധുരം ചിതറിയിട്ട സഹൃദമായും പ്രണയമായും വിരഹമൂര്‍ച്ചയായും കടന്നുവന്ന എന്‍റെ മഴക്കാലങ്ങള്‍.
പിന്നെ മന്ദാരത്തിന്‍റെ ഇലകള്‍ ചേര്‍ത്തുതുന്നിയ പുനര്‍ജ്ജനിയുടെ കൂടുവിട്ട് രവി നടന്നുപോയ മഴയും റോസ്മേരിട്ടീച്ചര്‍ വരച്ചിട്ട സ്ത്രൈണതയുടെ ഭിന്നഭാവങ്ങളോടു കൂടിയ മഴയും ഭ്രാന്തമായ ഏതോ വനാന്തരങ്ങളിലേയ്ക്ക് പിറുപിറുത്തുകൊണ്ട് മനസ്സിന്‍റെ മുടിയഴിച്ച് വലിച്ചിഴച്ചുകൂട്ടിക്കൊണ്ടുപോയ സുഗതകുമാരിട്ടീച്ചറുടെ രാത്രിമഴയും....
''തുലാക്കോളിലൂഴി വാനങ്ങളെ
തുണ്ടുതുണ്ടാക്കുമിടിമഴ ചിതറവേ
മാറില്‍ മയങ്ങുമെന്‍ കാന്തയെച്ചുണ്ടിനാല്‍, നേരിയ
വേര്‍പ്പണിക്കയ്യാല്‍ തഴുകവെ
എന്തിന് മിന്നല്‍ പോലങ്ങുനിന്നിന്നലെ
വന്നു നീയുള്ളില്‍ തെളിഞ്ഞു ഞൊടിയിട...?"
എന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വരികളില്‍ നിന്നും സുധീര്‍.എസിന്‍റെ
"മഴ നനഞ്ഞു നാം തിരികെയെത്തണം
മഴമൊഴിയുടഞ്ഞിടറി വീഴുന്ന
പ്രണയമായ് നാം പുനര്‍ജ്ജനിയ്ക്കണം
മഴക്കുളമ്പുകള്‍ കൊരുക്കും താളത്തില്‍
കുതിര്‍ന്ന് നഗ്നരായ് മഴ കുടിയ്ക്കണം
മഴയൊടുങ്ങുമ്പോള്‍ മരച്ചാറ്റില്‍ നമ്മള്‍
പനിച്ചു നില്‍ക്കുമ്പോള്‍
മഴമിഴികളില്‍ പതറി നില്‍ക്കുന്ന
വിരഹമായ് നാം എരിഞ്ഞു തീരണം..?"
എന്ന തീഷ്ണതയിലേക്ക് ഒലിച്ചിറങ്ങുമ്പോള്‍ ഉള്ളില്‍ തിണര്‍ത്തു പൊന്തിയ മഴപ്പാടുകളുടെ മുഖം എങ്ങനെ വരച്ചുകാട്ടാനാണ്?
മഴനേത്രങ്ങള്‍ക്ക് അഭ്രപാളിയിലെ സാദ്ധ്യത എത്രയെന്ന് തിരിച്ചറിഞ്ഞുതുടങ്ങിയപ്പോള്‍ മനസ്സില്‍ വീണ്ടും വിസ്മയമായിരുന്നു. പത്മരാജന്‍റെ മഴകളില്‍നിന്ന് വൈശാലിയുടെ കണ്ണുനീര്‍ കൊണ്ട് എം.ടി. പെയ്യിച്ച മഴയുടെ ആഴങ്ങളില്‍ തപ്പിത്തടഞ്ഞ് 'നഷ്ടപ്പെട്ട നീലാംബരി'യെ മഴയായ്ത്തന്നെ പെയ്തുനീറ്റിയ ലെനിന്‍ രാജേന്ദ്രനിലേയ്ക്കും ഏറ്റവുമൊടുവിലായി ഹൃദയത്തില്‍ നനുനനെ വരഞ്ഞ് നോവിന്‍റെ പെരുമഴക്കാലം തന്നെ സമ്മാനിച്ച കമലിന്‍റെ റസിയയുടെയും ഗംഗയുടെയും ദീര്‍ഘനിശ്വാസങ്ങളിലേയ്ക്കും യാത്ര തുടരുമ്പോള്‍ 'മഴ എന്‍റെ ആരാണ്' എന്നു വിങ്ങിപ്പിടഞ്ഞുണരുന്ന ഒരു സാന്ദ്രത ഉള്ളിലൂറിക്കൂടുന്നുണ്ടോ? പിന്നെ മഴയെന്നാല്‍ വേദനച്ചിത്രമെന്നു കൂടിയാണ് എന്നോര്‍മ്മിപ്പിച്ചു കൊണ്ട് കടന്നുപോയ വിക്ടര്‍, നിന്നെ എങ്ങനെ മറക്കാനാണ്? നിന്നെക്കുറിച്ചോര്‍ക്കുമ്പോള്‍ പവിത്രേച്ചി എന്നു ഞാന്‍ വിളിയ്ക്കുന്ന എം.പി.പവിത്ര നിനക്കായ് കുറിച്ചിട്ട വരികളും ഓര്‍ക്കാതിരിയ്ക്കുന്നതെങ്ങനെ?
നനുത്ത മുറുക്കത്തോടെ ചേര്‍ത്തുപിടിയ്ക്കുവാന്‍ പ്രിയപ്പെട്ടവനേ, നിന്‍റെ ഇടംകൈ ജീവിതത്തിലേയ്ക്ക് കടന്നുവന്നപ്പോഴും ആത്മാവിന്‍റെ അടുക്കളത്തളങ്ങളില്‍ പുകഞ്ഞുരുണ്ട് മേല്പോട്ട് പൊന്തിക്കൊണ്ടേയിരിയ്ക്കുന്നത് എതു ഭീതിയുടെ കാര്‍മേഘങ്ങളാണ്? ഒരിയ്ക്കലും പെയ്തു തീരാതെ കാതില്‍ പെരുപ്പിച്ച ഇടിമുഴക്കങ്ങളായി അവ വീണ്ടും വീണ്ടും എന്‍റെ ഉറക്കം കെടുത്തുന്നതെന്താണ്? അറിയില്ല, മഴ ഇപ്പോള്‍ പെയ്യുന്ന രാഗം ഏതെന്ന്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുരുളുന്ന രാത്രികളിലേയ്ക്ക് മഴയുടെ സ്വരം ഒരു ഗന്ധര്‍വ്വനിസ്വനം പോലെ പോലെയാണ്. ഉള്ളില്‍ മയങ്ങിക്കിടക്കുന്ന, അല്ലെങ്കില്‍ മയക്കം നടിച്ചുകിടക്കുന്ന ആര്‍ദ്ര വികാരങ്ങളെ മൃദുവായി ചുംബിച്ചു ചുംബിച്ചുണര്‍ത്തി ക്കൊണ്ട് എന്‍റെ ജാലകപ്പാളികള്‍ക്കപ്പുറത്ത് ബദാംമരച്ചില്ലകളില്‍ എന്‍റേതുമാത്രമായി പെയ്തിറങ്ങുന്ന ആ പ്രണയ നിസ്വനങ്ങളില്‍ ഞാനെന്നെത്തന്നെ തളച്ചിട്ടു പോവുന്നതെന്താണ്?
ഗര്‍ഭപാത്രത്തിലെവിടെയോ ഇപ്പോള്‍ ഊറിക്കൂടിക്കൊണ്ടിരിയ്ക്കുന്ന കുരുന്നുജീവനെക്കുറിച്ചും മഴനിറമുള്ള സ്വപ്നങ്ങള്‍ പിറവിയെടുക്കുകയാണ്. പക്ഷേ കുടമറവിയും നനച്ചുരസിയ്ക്കുന്ന,കാല്‍മുട്ടിനൊപ്പം വെള്ളം നിറച്ച് പാടവും റോഡും തിരിച്ചറിയിയ്ക്കാതെ കളിയാക്കിച്ചിരിയ്ക്കുന്ന കുളങ്ങളും കിണറുകളും കരയ്ക്കൊപ്പം നിറച്ച് നിഗൂഡനീലയാക്കുന്ന വികൃതിമഴയുടെ തൂവല്‍പ്രായങ്ങളുടെ നൊട്ടിനുണഞ്ഞാസ്വദിയ്ക്കാനുള്ള ഭാഗ്യം നിനക്കുണ്ടാവുമോ എന്‍റെ കുഞ്ഞേ? മഴയെ, മഴയിലൂടെ മനോഹരമായ സര്‍വ്വതിനേയും പ്രണയിക്കുവാനുള്ള ആര്‍ദ്രത നിന്‍റെ കാലം നിന്നില്‍ നിന്നു മറച്ചുവെയ്ക്കുമോ? അറിയുകയില്ല, എന്നാലും നിന്‍റെ മുടിയിഴകളില്‍ നിന്ന് ഇറ്റിവീഴുന്ന മഴത്തുള്ളിക്കിനാവുകളിലേയ്ക്ക് ഞാനെന്നെ പെയ്യിച്ചുതുടങ്ങുകയാണ്.
Subscribe to:
Post Comments (Atom)
ഓരോമഴതുള്ളിയും ഒരു അനുഭവം ആണ് എത്ര നനഞ്ഞാലും മതി വരാത്ത ഒരു അനുഭൂതി.മഴ പ്രണയത്തെയും പ്രണയം മഴയെയും കാംക്ഷിക്കുന്നു,എന്നാല്‍ മഴക്ക് പ്രണയഭാവം മാത്രമാണോ അല്ല നിരവധിയായ ഭാവഭേദങ്ങള്‍ ഉണ്ടു എന്നു എഴുത്തുകാരന്‍ മനോഹരമായി ചിത്രികരിച്ചിരിക്കുന്നു വളരേ നന്നായിട്ടുണ്ട്.
ReplyDeletewow.nyc.................
ReplyDelete