Thursday, 1 July 2010

കുറ്റവാളി

ഇന്നലെകളിലെ ഇരുട്ടില്‍ നിന്ന്
പടിയിറങ്ങിപ്പോയ നന്മകള്‍ക്ക്...
മറന്നുവച്ച പാഥേയപ്പൊതിയില്‍
ഉടമസ്ഥതയുറപ്പിച്ച പുതിയ സഹജീവി.
നിഴല്‍ പറന്നുപോകുമെന്ന് കണ്ടെത്തിയത്
സുഹൃത്തിന്‍റെ ഭാര്യ.
(വീടിന്‍റെ മച്ചുകള്‍ക്ക്
പഴയ തൂണിന്‍റെ ഇളക്കം തട്ടുന്നുണ്ട്)
മദര്‍തെരേസയുടെ ചിത്രത്തെ
ബലാത്സംഗം ചെയ്ത നിരപരാധി- അവന്‍
മാര്‍പ്പാപ്പയ്ക്കും മരണമുണ്ടെന്നു പറയുമ്പോള്‍
നാക്കു പിഴുതെടുത്ത കുന്തക്കാര്‍.
എന്‍റെ മരണത്തിന്‍റെ അനിവാര്യത
വിളിച്ചുപറയുന്ന കോടതിമുറി.
അലാറം ശബ്ദിക്കുന്നു.
പുഴകള്‍ക്ക് കൊഞ്ചലില്ല.
പൂക്കള്‍ക്ക് മണമില്ല.
പിന്നെന്തിനു നീ ദൈവത്തെ പൂജിക്കുന്നു

ഗര്‍ഭഛിദ്രം

ഈ കറുത്ത തടവറയ്ക്കുള്ളില്‍ നിന്ന്
മോചനം നേടാനിനി
മാസങ്ങള്‍ വേണ്ട.
കാത്തിരിപ്പുകള്‍ക്ക് വിഡ്ഡിക്കോലം
മാതൃത്വത്തിനു ദൈന്യത.
പൊക്കിള്‍കൊടി മുറിയ്ക്കുന്ന യവനശുശ്രൂഷകയ്ക്ക്
ഇനി സ്തുതിഗീതങ്ങളുടെ ആവശ്യമില്ല.
എനിയ്ക്ക് പുറത്ത് കടക്കാം. പക്ഷേ
എന്തിനു വേണ്ടി?
ആര്‍ക്കു വേണ്ടി?
നിങ്ങളുടെ വരണ്ട മരുഭൂമിയില്‍ നിന്നുള്ള
എന്‍റെ പാലായനമാകുന്നു ഇത്.
കാലത്തിന്‍റെ തിരശ്ശീലകള്‍ക്ക് പിന്നില്‍
പൂക്കാത്ത പൂമൊട്ടായി...
രാക്ഷസീയതയ്ക്ക് മുന്‍പില്‍ അടിയറവുപറഞ്ഞ
രാജകുമാരി ഇന്ന് നൊമ്പരപ്പെടും
നാളത്തെ അടിയറവിനു വേണ്ടി
വീണ്ടുമവള്‍ യത്നിക്കും.
അവന്‍റെ വാരിയെല്ലായി
അന്ന്, പുതിയ രൂപത്തില്‍, ഭാവത്തില്‍
എന്‍റെ കണങ്ങള്‍ അവള്‍ നട്ടുവളര്‍ത്തും.
ഇന്ന് യാത്രാമൊഴി.

തൂലിക

കവിതയുടെ പരപ്പില്‍
പൊതിഞ്ഞെടുത്ത
ചോറും കറിയും ചമ്മന്തിയും
ഒരു മുക്തിയുടെ വേപഥുപോലെ
ഛര്‍ദ്ദിക്കുതിപ്പാകുമ്പോള്‍
പരുത്ത വിരലുകള്‍ക്കിടയില്‍
തൂലികയുടെ ചോരപ്പാട്.

ട്രെയിന്‍

ട്രെയിന്‍ പോലെ എന്‍റെ പ്രണയം.
ഹൃദയത്തിന്‍റെ സ്റ്റേഷനില്‍
അഞ്ചുമിനിറ്റ് നിര്‍ത്തിയിട്ട്
എവിടെ നിന്നോ വന്ന്
എവിടെയ്ക്കോ പോകുന്ന ട്രയിന്‍.
അതെ, ട്രെയിന്‍
എന്‍റെ വേദനയാകുന്നു.

രാജലക്ഷ്മി ടീച്ചര്‍ - ഒരു തണല്‍

ഒരു വഴി തിരഞ്ഞൊടുവില്‍
മഴപൂത്ത കാവുകള്‍ക്കപ്പുറം
നിഴല്‍ പുതച്ചെന്തിനോ
കുളിര്‍മഞ്ഞിനുള്ളില്‍
മറയാതെ മാഞ്ഞ്
ഞങ്ങളുടെയിരുളില്‍
പതുക്കെച്ചിരിച്ച്
ഇത്ര
അറിയാത്ത മിഴികളുടെ
കല്പനയില്‍ നിന്നിറ്റ
ചുടുനീരിലെന്തോ നിറച്ച്
മൂക നിര്‍വ്വാണമുരുവിട്ട്
ഇന്നുമൊരു നേര്‍ത്ത പുഴയായി,
തിരയൊച്ചയില്ലാതെ
ഒഴുകുമസ്വസ്ഥതേ
പൊരിവെയില്‍ച്ചൂടിന്‍
തളര്‍ച്ചക്കിതപ്പുകളി-
ലൊരു തണുപ്പാമിടവേള ഞങ്ങള്‍ക്കു
പകരുന്നതാണു നിന്‍
ചെറുകാറ്റുമിളനിലാ-നിഴല്‍തമ്മിലിണചേരു-
മതിഗൂഡരാക്കളും.

ഞാന്‍

കുരുക്കില്‍പ്പെട്ട്
ജീവിതം തന്നെ
പകുതിയെഴുതിവെച്ച
കവിതപോലെ
നീറുന്ന വേദനയാക്കിയവള്‍.
മരണത്തിന്‍റെ
നിഗൂഡതകളിലേക്ക്
ഊളിയിട്ടിറങ്ങി
ഒടുവില്‍
ജീവിതത്തിന്‍റെ
നരച്ച കരയില്‍ത്തന്നെ
തിരിച്ചുപൊങ്ങേണ്ടി വന്നവള്‍.

എന്‍റെ അടുക്കള

മുറിവുപറ്റിയ ഉള്ളിയില്‍നിന്നാണ്
ഞാന്‍ കരയാന്‍ പഠിച്ചത്.
ഉണങ്ങിയ മരക്കൊമ്പില്‍ നിന്നാണ്
ഞാന്‍ കത്താന്‍ പഠിച്ചത്.
മുളകിന്‍റെ ചുവപ്പ്
എന്നെ എരിയിയ്ക്കുകയും
കറുത്തകത്തിക്കൂര്‍പ്പ്
എന്‍റെ ചോരവാര്‍ക്കുകയും
കടുത്ത ചായക്കൊപ്പം കിടന്ന്
എന്‍റെ ഹ്യദയം തിളയ്ക്കുകയും ചെയ്തു
ഇപ്പോള്‍ വെളുത്ത ശീതീകരണിയില്‍
എന്‍റെ മനസ്സ് ഉറച്ചുപോയിരിയ്ക്കുന്നു.