Thursday, 15 July 2010

മനസ്സ് എന്ന മുരള്‍ച്ച

നിറങ്ങള്‍ക്കു മുകളില്‍
വിരല്‍പടരുകയാണ്.
നനഞ്ഞൊലിച്ചുപോയ
മുഖങ്ങളില്‍ നിന്ന്
വിയര്‍‍ത്തൊഴുകുന്ന
ചുവപ്പ്
എനിയ്ക്ക് തരുന്നത്
ഏതസ്വസ്ഥഥയാകുന്നു?
നനഞ്ഞൊലിച്ചുകഴിഞ്ഞിട്ടും
നിലവിളികളെ
ഗര്‍ഭം ധരിയ്ക്കുന്ന
വിളര്‍ത്ത വാങ്മുഖങ്ങളില്‍ നിന്ന്
വിയര്‍ത്തൊഴുകുന്ന
ചുവപ്പ്
എന്‍റെ
ജരാനരകളില്‍
ചുറ്റിപ്പിണയുമ്പോള്‍
ഉണര്‍ച്ചകളെ
കുഴിച്ചെടുക്കുകയാണ്
മനസ്സ് എന്ന മുരള്‍ച്ച.
തീ വേണം പ്രൊമിത്യൂസ്.
കനല്‍ എനിയ്ക്കുള്ളിലുണ്ട്....

Wednesday, 14 July 2010

മൗനം

നിന്‍റെ മൗനം
ഒരു ശൂന്യതയാണ്.
എന്നാല്‍, എന്‍റെ
ഭീതിയുടെ ബലൂണില്‍
നിറയ്ക്കപ്പെടുമ്പോള്‍
അത് വീര്‍ത്ത് വീര്‍ത്ത്....
ഒരു സൂചിത്തുമ്പിനാല്‍
ഒരാകാശം പോലെ
പിളര്‍ക്കപ്പെട്ടുപോകുന്നത്
അതെന്നാണ്?
ഒരു പക്ഷേ
അന്നായിരിയ്ക്കും
നിന്‍റെ മൗനം
വാചാലമാകുന്നത്.

കഥകളിലൂടെ................

ഒരുഴവുചാല്‍ത്തുരുത്തില്‍ നിന്ന്
പിളര്‍ന്ന ഗര്‍ഭപാത്രത്തിലേയ്ക്കുള്ള
മടക്കദൂരം
എത്ര ചെറുതാണ്.
എന്നിട്ടും
തപിച്ചാളിയ തീമൊട്ടുകള്‍ കൊണ്ട്
വിളര്‍ത്ത പ്രണയം
മൂര്‍ഛിച്ചു വീണപ്പോള്‍
കൈക്കുമ്പിളില്‍
വിറച്ച
ഒരു മോതിരത്തുള്ളി
എത്ര കഥയാണറിഞ്ഞത്?

മരണം

തലച്ചോറുകള്‍ക്കുള്ളില്‍ പുകയുന്ന
മരണത്തിന്‍റെ മണം.
അവസാനത്തെ അത്താഴത്തിന്‍റെ രുചി
നാവില്‍ തേയ്ക്കുന്നയൂദാസിന്‍റെ ശബ്ദം.
നഖങ്ങള്‍ക്കുള്ളിലും മറഞ്ഞിരുന്ന്
ചീഞ്ഞുനാറുന്ന പാപത്തിന്‍റെ മാംസം.
എല്ലാം പറയുന്നത്
പകലിന്‍റെ,
രാത്രിയുടെ നഷ്ടങ്ങളെപ്പറ്റി.
ഉറഞ്ഞുറഞ്ഞു പോകുന്ന
നിശ്വാസങ്ങളെപ്പറ്റി.
എനിയ്ക്കു നഷ്ട്പ്പെടുത്തണം.
അതിലൂടെ എനിയ്ക്കു നേടണം.
നിങ്ങള്‍ക്കും നേടിത്തരണം.

നിഷേധി


എന്‍റെയുള്ളില്‍ ചുരുണ്ടുറങ്ങുന്ന
ഒരു നിഷേധിയുണ്ട്.
പല്ലും നഖവും നനുത്തരോമത്തില്‍
പൊതിഞ്ഞ്
ചോരയിറ്റുന്ന നാവ് (അകത്തൊളിച്ചുവച്ച്)
അകത്തേയ്ക്കു വലിച്ച്
ചലിയ്ക്കുമ്പോള്‍ത്തന്നെ
ചലിയ്ക്കാതിരിക്കുകയും
ഉണര്‍ച്ചയിലേയ്ക്ക്
മിഴിചുളിച്ച്
വീണ്ടും വീണ്ടും
വിയര്‍ത്തുപൊള്ളുമ്പോഴും
തണുത്തുവിറയ്ക്കുകയും
അകത്തറിയുമ്പോഴും
മിഴിച്ചു നില്‍ക്കുകയും
ചുരുണ്ട കൈകള്‍
പിടിച്ചു നിര്‍ത്തി
കുനിഞ്ഞ തലയുടെ
മുടിഞ്ഞ നാണക്കേടുമായി
എന്നെ കത്തിയ്ക്കുന്ന
ജാര സഹോദരി.
എന്‍റെ മുറിച്ചുവരിടിഞ്ഞ്
അവള്‍ പുറത്തിറങ്ങുമ്പോള്‍
ഈശ്വരാ, എല്ലാവരും
ഉറക്കമായിരിയ്ക്കണേ.

കവിത

കടല്‍പ്പാലം തകര്‍ത്ത്
പുറത്തേയ്ക്കു തുറിച്ച
കറുത്ത തലയ്ക്കു മുകളില്‍ നിന്ന്
കരഞ്ഞു വളഞ്ഞ
ഒരു വരയാണ്
എന്‍റെ കവിത.
കൊടുക്കുന്നത് മുഴുവന്‍
തിന്നു വീര്‍‍ത്തിട്ടും
വീണ്ടും വിശപ്പു വിതച്ച്
വിതച്ച വിശപ്പില്‍ നിന്ന്
ഒന്നും കൊയ്യാനില്ലാതെ
നിറഞ്ഞ പച്ചയിലും
ചുവന്ന കളച്ചിരിയുടെ ഒളിവ്

അനിവാര്യതകള്‍


ഹൃദയദ്വാരങ്ങളിലൂടെ
ചുരന്നുചാടുന്ന
പാപത്തിന്‍റെ കലാപരക്തം കുടിച്ച്
നിന്‍റെ വയര്‍ വീര്‍ത്തുകൊണ്ടിരിയ്ക്കുന്നു.
യുക്തിയുടെ മുരിക്കിന്‍പശ ചേര്‍ത്ത്
അടച്ചുവെയ്ക്കപ്പെട്ട
വിസര്‍ജ്ജനാവയവങ്ങള്‍ക്കുപോലും
ഇനി നിന്നെ രക്ഷിക്കാനാവില്ല.
നീണ്ട യാത്രാദൂരം താണ്ടി
വിരുന്നിനെത്തിയ
പകലിന്‍റെ മാലാഖമാര്‍ക്കു മുമ്പില്‍
തളര്‍ച്ചയുടെ മൂടുപടം കൊണ്ട്
വീഞ്ഞൊരുക്കുവാന്‍
നീ പഠിച്ചിരിയ്ക്കുന്നു.
ഇനി വിലപിച്ചിട്ടു കാര്യമില്ല.
ഇതൊരനിവാര്യതയാകുന്നു.
കലങ്ങിക്കലങ്ങി മാത്രം
തെളിയേണ്ട അനിവാര്യത.

Wednesday, 7 July 2010

ക്ഷണക്കത്ത്

ചകിതമീരാത്രിയില്‍
നീലരക്തം പടര്‍-
ന്നൊഴുകും സിരാതന്തു
പൊട്ടിച്ചെടുത്തു നീ
കലിയിളകി നില്‍ക്കുന്നു
മരണമേ, ഞാനിനിയു-
മറിയാതെപൊയ്പോയ
കരളിന്‍റെ കഷ്ണം
തിരഞ്ഞൊടുവിലേകയായ്
പറയട്ടെ നിന്നോടു
പോകാം, നമുക്കിനി
തളിര്‍വരണ്ടൊടുവിലെ-
ക്കിളിയും പറന്നുപോ-
യൊഴിയുമ്പൊഴും നേര്‍ത്ത
കാലടിപ്പാടുകള്‍
പറയുന്നമൗനത്തെ-
യൊരുകൂട്ടിലാക്കിത്തിടമ്പേറ്റി നിര്‍ത്തവേ
അഴിയെണ്ണി, ഇഴയെണ്ണി
കടലെണ്ണി, കരയെണ്ണി
മരവിച്ചുപോകുമ്പോള്‍ മരണമേനിന്നോടു
കരയുന്നു, ഞാനിന്നു പോകാം നമുക്കിനി.

നുണമഴ

ഇന്നലത്തെ രാത്രി
എന്ന പെരും നുണമഴയെ കാത്ത്
ഇന്നും ആരോ കനല്‍ക്കുട പിടിയ്ക്കുന്നു.
എന്‍റെ അരിപ്പക്കണ്ണുകളിലൂടെ
ഒലിച്ചിറങ്ങുന്ന
ഉഷ്ണച്ചുവയുടെ കാറല്‍
ദ്വയാര്‍ത്ഥം മറച്ചുറങ്ങുന്ന
വേനല്‍ നായ്ക്കള്‍ക്കിടയിലേയ്ക്ക്
മുട്ടിത്തുറന്നിറങ്ങാതെ
ഒതുങ്ങിപ്പോകുന്നു.

ഉള്‍വിളി

നീയൊരു മരുന്നില്ലാത്ത
മുറിവായിത്തീരുകയാണ്...
പുഴുക്കുത്തുവീണ
ഇന്നലെകളില്‍ നിന്ന്
നിന്‍റെ വാക്കുകളുടെ ഗന്ധം
പ്രവഹിക്കുമ്പോള്‍
ഓര്‍മ്മകള്‍ മുള്ളുകളായി,
അഗ്നിയുടെ പെരുമഴയായി
ഭ്രാന്തിന്‍റെ നിലയില്ലാക്കയമായി
ഒടുവില്‍ മരണത്തിന്‍റെ ഉള്‍വിളിയായി...
ജീവന്‍റെ നോവുകളെ
കൊത്തിവലിയ്ക്കുന്നു.
വലിച്ചുണര്‍ത്തുന്നു.

Thursday, 1 July 2010

കുറ്റവാളി

ഇന്നലെകളിലെ ഇരുട്ടില്‍ നിന്ന്
പടിയിറങ്ങിപ്പോയ നന്മകള്‍ക്ക്...
മറന്നുവച്ച പാഥേയപ്പൊതിയില്‍
ഉടമസ്ഥതയുറപ്പിച്ച പുതിയ സഹജീവി.
നിഴല്‍ പറന്നുപോകുമെന്ന് കണ്ടെത്തിയത്
സുഹൃത്തിന്‍റെ ഭാര്യ.
(വീടിന്‍റെ മച്ചുകള്‍ക്ക്
പഴയ തൂണിന്‍റെ ഇളക്കം തട്ടുന്നുണ്ട്)
മദര്‍തെരേസയുടെ ചിത്രത്തെ
ബലാത്സംഗം ചെയ്ത നിരപരാധി- അവന്‍
മാര്‍പ്പാപ്പയ്ക്കും മരണമുണ്ടെന്നു പറയുമ്പോള്‍
നാക്കു പിഴുതെടുത്ത കുന്തക്കാര്‍.
എന്‍റെ മരണത്തിന്‍റെ അനിവാര്യത
വിളിച്ചുപറയുന്ന കോടതിമുറി.
അലാറം ശബ്ദിക്കുന്നു.
പുഴകള്‍ക്ക് കൊഞ്ചലില്ല.
പൂക്കള്‍ക്ക് മണമില്ല.
പിന്നെന്തിനു നീ ദൈവത്തെ പൂജിക്കുന്നു

ഗര്‍ഭഛിദ്രം

ഈ കറുത്ത തടവറയ്ക്കുള്ളില്‍ നിന്ന്
മോചനം നേടാനിനി
മാസങ്ങള്‍ വേണ്ട.
കാത്തിരിപ്പുകള്‍ക്ക് വിഡ്ഡിക്കോലം
മാതൃത്വത്തിനു ദൈന്യത.
പൊക്കിള്‍കൊടി മുറിയ്ക്കുന്ന യവനശുശ്രൂഷകയ്ക്ക്
ഇനി സ്തുതിഗീതങ്ങളുടെ ആവശ്യമില്ല.
എനിയ്ക്ക് പുറത്ത് കടക്കാം. പക്ഷേ
എന്തിനു വേണ്ടി?
ആര്‍ക്കു വേണ്ടി?
നിങ്ങളുടെ വരണ്ട മരുഭൂമിയില്‍ നിന്നുള്ള
എന്‍റെ പാലായനമാകുന്നു ഇത്.
കാലത്തിന്‍റെ തിരശ്ശീലകള്‍ക്ക് പിന്നില്‍
പൂക്കാത്ത പൂമൊട്ടായി...
രാക്ഷസീയതയ്ക്ക് മുന്‍പില്‍ അടിയറവുപറഞ്ഞ
രാജകുമാരി ഇന്ന് നൊമ്പരപ്പെടും
നാളത്തെ അടിയറവിനു വേണ്ടി
വീണ്ടുമവള്‍ യത്നിക്കും.
അവന്‍റെ വാരിയെല്ലായി
അന്ന്, പുതിയ രൂപത്തില്‍, ഭാവത്തില്‍
എന്‍റെ കണങ്ങള്‍ അവള്‍ നട്ടുവളര്‍ത്തും.
ഇന്ന് യാത്രാമൊഴി.

തൂലിക

കവിതയുടെ പരപ്പില്‍
പൊതിഞ്ഞെടുത്ത
ചോറും കറിയും ചമ്മന്തിയും
ഒരു മുക്തിയുടെ വേപഥുപോലെ
ഛര്‍ദ്ദിക്കുതിപ്പാകുമ്പോള്‍
പരുത്ത വിരലുകള്‍ക്കിടയില്‍
തൂലികയുടെ ചോരപ്പാട്.

ട്രെയിന്‍

ട്രെയിന്‍ പോലെ എന്‍റെ പ്രണയം.
ഹൃദയത്തിന്‍റെ സ്റ്റേഷനില്‍
അഞ്ചുമിനിറ്റ് നിര്‍ത്തിയിട്ട്
എവിടെ നിന്നോ വന്ന്
എവിടെയ്ക്കോ പോകുന്ന ട്രയിന്‍.
അതെ, ട്രെയിന്‍
എന്‍റെ വേദനയാകുന്നു.

രാജലക്ഷ്മി ടീച്ചര്‍ - ഒരു തണല്‍

ഒരു വഴി തിരഞ്ഞൊടുവില്‍
മഴപൂത്ത കാവുകള്‍ക്കപ്പുറം
നിഴല്‍ പുതച്ചെന്തിനോ
കുളിര്‍മഞ്ഞിനുള്ളില്‍
മറയാതെ മാഞ്ഞ്
ഞങ്ങളുടെയിരുളില്‍
പതുക്കെച്ചിരിച്ച്
ഇത്ര
അറിയാത്ത മിഴികളുടെ
കല്പനയില്‍ നിന്നിറ്റ
ചുടുനീരിലെന്തോ നിറച്ച്
മൂക നിര്‍വ്വാണമുരുവിട്ട്
ഇന്നുമൊരു നേര്‍ത്ത പുഴയായി,
തിരയൊച്ചയില്ലാതെ
ഒഴുകുമസ്വസ്ഥതേ
പൊരിവെയില്‍ച്ചൂടിന്‍
തളര്‍ച്ചക്കിതപ്പുകളി-
ലൊരു തണുപ്പാമിടവേള ഞങ്ങള്‍ക്കു
പകരുന്നതാണു നിന്‍
ചെറുകാറ്റുമിളനിലാ-നിഴല്‍തമ്മിലിണചേരു-
മതിഗൂഡരാക്കളും.

ഞാന്‍

കുരുക്കില്‍പ്പെട്ട്
ജീവിതം തന്നെ
പകുതിയെഴുതിവെച്ച
കവിതപോലെ
നീറുന്ന വേദനയാക്കിയവള്‍.
മരണത്തിന്‍റെ
നിഗൂഡതകളിലേക്ക്
ഊളിയിട്ടിറങ്ങി
ഒടുവില്‍
ജീവിതത്തിന്‍റെ
നരച്ച കരയില്‍ത്തന്നെ
തിരിച്ചുപൊങ്ങേണ്ടി വന്നവള്‍.

എന്‍റെ അടുക്കള

മുറിവുപറ്റിയ ഉള്ളിയില്‍നിന്നാണ്
ഞാന്‍ കരയാന്‍ പഠിച്ചത്.
ഉണങ്ങിയ മരക്കൊമ്പില്‍ നിന്നാണ്
ഞാന്‍ കത്താന്‍ പഠിച്ചത്.
മുളകിന്‍റെ ചുവപ്പ്
എന്നെ എരിയിയ്ക്കുകയും
കറുത്തകത്തിക്കൂര്‍പ്പ്
എന്‍റെ ചോരവാര്‍ക്കുകയും
കടുത്ത ചായക്കൊപ്പം കിടന്ന്
എന്‍റെ ഹ്യദയം തിളയ്ക്കുകയും ചെയ്തു
ഇപ്പോള്‍ വെളുത്ത ശീതീകരണിയില്‍
എന്‍റെ മനസ്സ് ഉറച്ചുപോയിരിയ്ക്കുന്നു.